
കോതമംഗലത്ത് 23കാരി സോന എൽദേസ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാമുകനും മാതാപിതാക്കളും മതം മാറാൻ നിർബന്ധിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു എന്ന് കുറിപ്പെഴുതിയ ശേഷമാണ് സോന ജീവനൊടുക്കിയത്. ടിടിസി വിദ്യാർത്ഥിനിയായിരുന്നു മരിച്ച സോന. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ ആലങ്ങാട് തോപ്പിൽപറമ്പിൽ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റമീസിന്റെ മാതാപിതാക്കളെ അടക്കം കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. സോനയെ മർദിക്കാൻ കൂട്ടുനിന്നതിനാണ് ഇവരെ പ്രതിചേർക്കുക.
ആലുവയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന കാലത്താണ് സോനയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വർഷം മുൻപാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാൻ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാർ പറയുന്നു. സോനയും റമീസും തമ്മിൽ ഇഷ്ടത്തിലായതിനെ തുടർന്ന് കുടുംബങ്ങൾ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.
എന്നാൽ, വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് സോനയുടെ മാതാവ് ബിന്ദുവും സഹോദരൻ ബേസിലും പറയുന്നത്. മതംമാറാൻ സമ്മതമാണെന്ന് സോന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജിൽ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടർന്ന്, മതം മാറാൻ സാധിക്കില്ലെന്നും റജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തിരുന്നു. ഇക്കാര്യം സോന ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നുണ്ട്.
ഇതിനിടെ, സോനയുടെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപിയും രംഗത്തെത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ ലവ് ജിഹാദ് വിവാദം വീണ്ടും ശക്തമാകുകയാണ്. സോന ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ലവ് ജിഹാദ് ആണെന്ന് ബിജെപി ആരോപിക്കുന്നു. കേരളത്തിൽ പലയിടത്തും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇതോടെ, സോനയുടെ മരണം ഒരു രാഷ്ട്രീയ പ്രശ്നമായി കൂടി മാറുകയാണ്. അതേസമയം, സോനയെ മതംമാറ്റാൻ ബോധപൂർവമായ ശ്രമം നടന്നു എന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാണ്. ലവ് ജിഹാദ് എന്ന ആരോപണത്തെ അത്ര പെട്ടെന്ന് തള്ളിക്കളയാൻ സാധിക്കില്ല.
സോനയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്...
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവൻറെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം അവർ നടത്താമെന്നു പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവൻറെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരൻ എൻറെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയ മാത്രം പോര തൻറെ വീട്ടിൽ നിക്കണമെന്നും കർശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പൻറെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പൻറെ അടുത്തേക്ക് പോകുവാ.
എന്ന് സോന എൽദോസ്.











